Thursday, August 18, 2011

  4 
അഞ്ച് മണി കഴിഞ്ഞപ്പോള്‍ പോലീസ് വാഹനം ആലുവ ഡി.വൈ.എസ്.പി ഓഫീസിന് മുന്നിലെത്തി. നിറയെ പോലീസ് വാഹനങ്ങള്‍ക്കിടയിലേക്ക് മറ്റൊന്ന്കൂടി. കനത്ത പോലീസ് ബന്തവസില്‍ ഞങ്ങളെ ഡി.വൈ.എസ്.പി ഓഫീസിനുള്ളിലേക്കു കൊണ്ടുപോയി. പലരേയും മാറിമാറി ചോദ്യംചോയ്തു.
    രാത്രി എട്ട് മണിയോടെ റൂറല്‍ എസ്.പി വഹാബുമെത്തി. ഇതിനകം എന്റെയും ശാദുലിയുടെയും വീടുകളില്‍ റെയ്ഡും നടന്നു. പിന്നീട് ചോദ്യം ചെയ്യല്‍ ഞങ്ങളിരുവരെയും കേന്ദ്രീകരിച്ചായി. രാത്രി വൈകുംവരെ ഈ നില തുടര്‍ന്നു. മണി പത്തുകഴിഞ്ഞുകാണും, എന്നെയും ശാദുലിയേയും എസ്.പി റൂമിലേക്കു വിളിച്ചിട്ട് എന്നോട് പറഞ്ഞു. 'ഒള്ളത് പറഞ്ഞോ, ഇല്ലെങ്കില്‍ ചവിട്ടിക്കൂട്ടി അളിയനെ പോലെയാക്കും'(എന്റെ ഭാര്യാ സഹോദരനായ ശാദുലി തീരെ മെലിഞ്ഞിട്ടായിരുന്നു). ഭീഷണിയുടെ ഭാഷ എനിക്കും നന്നായി മനസ്സിലായി.
    പിന്നീട് ആ രാത്രി ആരേയും അകത്തേക്ക് വിളിച്ചില്ല. ഓഫീസിന്റെ പുറത്തെ ഹാളിന്റെ തറയിലിരുന്ന് പലരും ഉറക്കം തൂങ്ങി. ഡി.വൈ.എസ്.പിയുടെ മുറിയില്‍ നടക്കുന്ന ചര്‍ച ഇടക്കിടെ പുറത്തേക്ക് കേള്‍ക്കാം. പ്രതികളാക്കപ്പെടേണ്ട പേരുകളെ കുറിച്ചായിരുന്നു അവരുടെ ചര്‍ച. ഉറക്കച്ചടവ് മാറ്റി ഞാന്‍ വാക്കുകള്‍ കൂടുതല്‍ ശ്രദ്ധിച്ചു. അഞ്ചാമത്തെ പ്രതിയെക്കുറിച്ച ചര്‍ച നടക്കുമ്പോള്‍ വഹാബ് സാറിന്റെ ഗൗരവമുള്ള ശബ്ദം പുറത്തേക്ക് കേട്ടു:'അന്യായമായി ഒരു കുട്ടിയേയും അറസ്റ്റ് ചെയ്യാന്‍ പാടില്ല'. (ഇതിനദ്ദേഹം നല്‍കേണ്ടിവന്ന വില വലുതായിരുന്നു).എന്റെ മനസ്സ് സമാധാനം പൂണ്ടു.
    മണി മൂന്ന് കഴിഞ്ഞിരിക്കുന്നു. പോലീസ് മേധാവികള്‍ ഓരോരുത്തരായി പുറത്തേക്ക് വന്ന് കൊണ്ടിരുന്നു. 'പൂ........ന്മാരുടെ ഒറക്കം കണ്ടില്ലേ. ഇവിടെ മനുശേന്‍ തീ തിന്നുമ്പഴാ അവിന്റെയൊക്കെ ഒടുക്കത്തെ ഒരൊറക്കം', പുറത്തേക്കിറങ്ങിയ ഒരു പോലീസുകാരന്‍ ഉറക്കെപറഞ്ഞു. ജീവിതത്തിലാദ്യമായി പോലീസ് സ്‌റ്റേഷനില്‍ കയറിയവരായിരുന്നു ഞങ്ങളിലേറെയും. എന്നിട്ടും ദൈവസാമീപ്യത്തിന്റെ  കുളിര്‍തെന്നല്‍ ഞങ്ങളെ മനസമാധാനമുള്ളവരാക്കി.

Tuesday, August 16, 2011

  3 
     രണ്ട് ജീപ്പുകളില്‍ ഷട്ടിലടിച്ചാണ് ഞങ്ങളെ ബിനാനിപുരം പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. സമയം ഉച്ചയാകുന്നതേയുള്ളൂ. സ്‌റ്റേഷനിലെത്തിച്ചെങ്കിലും പ്രത്യേകിച്ചൊന്നുമില്ല- കുറെ സമയത്തേക്ക് ആരും ഒന്നും ചോദിച്ചത് തന്നെയില്ല. എസ്.ഐ വന്നാല്‍ വിട്ടയക്കുമെന്ന് കൂട്ടിക്കൊണ്ടുവന്ന പോലീസുകാരും പറഞ്ഞു. പിന്നെ എസ്.ഐ വന്നു. പലതും ചോദിച്ചറിഞ്ഞു. 'ഉടനെ വിടുമോ സാറേ' ഞങ്ങള്‍ ചോദിച്ചു. സി.ഐ വരട്ടെ നോക്കാം. സ്‌റ്റേഷനില്‍ നിന്ന് അകത്തേക്കും പുറത്തേക്കും നിരന്തരമായി വന്നുംപോയുംകൊണ്ടിരുന്ന ഫോണ്‍ കോളുകള്‍ കാര്യങ്ങള്‍ അവതാളത്തിലാക്കുമെന്ന് നന്നായി അറിയാമായിരുന്നു. സി.ഐ വന്നു, പിന്നെപിന്നെ നിരനിരയായി യൂണിഫോമിലും അല്ലാതെയും പോലീസുകാര്‍ വന്നുകൊണ്ടിരുന്നു. പോലീസുകാരുടെ സ്വഭാവത്തിലും ഭാഷയിലും പ്രകടമായ മാറ്റങ്ങളും കണ്ടുതുടങ്ങി.
    മണി നാല് കഴിഞ്ഞു. അതുവരെ സ്റ്റേഷനിലുള്ളിലായിരുന്ന ഞങ്ങളോട് മുറ്റത്തേക്കിറങ്ങാന്‍ പറഞ്ഞു. പുറത്ത് ക്യാമറയുമായി ആളുകള്‍ റെഡിയായിരുന്നു. ഞങ്ങളെ നിരത്തിനിര്‍ത്തി. ഫ്‌ളാഷുകള്‍ മിന്നിത്തെളിഞ്ഞു.
    അല്‍പം കഴിഞ്ഞപ്പോള്‍ പോലീസുകാര്‍ വന്നു പറഞ്ഞു: ' ഈ സ്റ്റേഷനില്‍ സൗകര്യക്കുറവുള്ളതുകൊണ്ട് നിങ്ങളെ ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാറ്റുകയാണെന്ന'്. മുറ്റത്ത് 'ഇടിവണ്ടി' വന്നു നിന്നതിന്റെ ശബ്ദം. ഞങ്ങളേയും കൊണ്ട് പോലീസുകാര്‍ പുറത്തേക്കിറങ്ങി. സ്റ്റേഷന്റെ പരിസരമാകെ ജനങ്ങളെകൊണ്ട് നിറഞ്ഞിരിക്കുന്നു. സൂചി കുത്താന്‍ പോലും സ്ഥലമില്ലാത്തത്ര തിരക്ക്.

Thursday, August 11, 2011

2
ആഡിറ്റോറിയത്തിന്റെ പുറത്ത് ശാദുലി നില്‍പുണ്ടായിരുന്നു. ആഡിറ്റോറിയത്തിന്റെ താഴെ നിലയില്‍ ചില കടകള്‍ തുറന്നിരുപ്പുണ്ട്. റോഡില്‍നിന്ന് സ്‌റ്റെയര്‍ കയറി വേണം രണ്ടാം നിലയിലെത്താന്‍.  കടക്കാനുള്ള  ഗേറ്റില്‍തന്നെ 'സ്വാതന്ത്യത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ പങ്ക്' -ചര്‍ച്ച എന്ന ബോര്‍ഡ് കാണാം. എന്നോടൊപ്പം ശാദുലിയും മുകളിലേക്ക് കയറിവന്നു. നിസാമുദ്ദീനെ പരിചയപ്പെടുത്തി. അന്നത്തെ പരിപാടിയെക്കുറിച്ചൊരു ചിത്രം ശാദുലി തന്നു: 'പത്തരക്കാ പരിപാടി. പാനായിക്കുളത്ത് വ്യാപകമായി ക്ഷണം നടന്നിട്ടുണ്ട്; പിന്നെ അറിയാവുന്ന സുഹൃത്തുക്കളെയും വിളിച്ചു'.
മണി പത്ത് കഴിഞ്ഞു. ആളുകള്‍ എത്തിതുടങ്ങുന്നതേയുള്ളൂ.10.30 ഓടെ പരിപാടി ആരംഭിച്ചു. പത്ത് പതിനഞ്ച് പേര്‍ കാണും. അന്‍സാര്‍ നദ്‌വിയുടെ ഖുര്‍ആന്‍ ക്‌ളാസോടെയായിരുന്നു തുടക്കം. ലളിതവും ഹ്രസ്വവുമായിരുന്നു ക്‌ളാസ്‌. പിന്നെയും ആളുകള്‍ വന്നു കൊണ്ടിരുന്നു. വിഷയാവതരണത്തിനായി ശാദുലി എന്നെ ക്ഷണിച്ചു. അപരിചിതരാണേറെയും. ഞാന്‍ സാവധാനം തുടങ്ങി. ആമുഖം തുടങ്ങിയതേ
യുള്ളൂ. ഡയസില്‍ ഒറ്റക്കാണ്. വീണ്ടും ചിലയാളുകള്‍ കയറിവന്നു. വന്നവര്‍ സംഘാടകരെ അന്വേഷിച്ചു. നിസാമുദ്ദീന്‍ ചെന്നു. തിരികെവന്നുപറഞ്ഞു പോലീസുകാരാണെന്ന്. പരിപാടി തുടര്‍ന്നോട്ടേ എന്നവരോടന്വേഷിച്ചു. തുടര്‍ന്നോളാന്‍ പറഞ്ഞു.  പതിനൊന്ന് മണിയോടെ യൂണിഫോമിട്ട പോലീസുകാരും എത്തി. വന്നവര്‍ എന്റെ കൈയിലുണ്ടായിരുന്ന സിനേപ്‌സിസ്(പ്രസംഗിക്കാനുള്ള കുറിപ്പടി) പരിശോധിച്ചു, കുഴപ്പങ്ങളൊന്നുമില്ലെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ പോലീസുകാര്‍ ശൈലിമാറ്റി. ഇടക്കിടെ പോലീസുകാര്‍ക്ക് വന്നുകൊണ്ടിരിക്കുന്ന ഫോണുകളാണ് ശൈലി മാറ്റത്തിന്റെ കാരണമെന്നും എനിക്ക് തോന്നി.പരിപാടിയെക്കുറിച്ച് ചില സംശയങ്ങളുണ്ട് സ്റ്റേഷന്‍ വരെ എല്ലാവരും വരണം എന്ന് അവര്‍ പറഞ്ഞു. അവിടെ വെച്ചുതന്നെ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരുടെയും പേരും വിലാസവും പോലീസ് കുറിച്ചെടുത്തു. 

Wednesday, August 10, 2011

സ്വാതന്ത്ര്യദിന ചിന്തകള്‍

1
2006 ആഗസ്റ്റ് 15. സ്വാതന്ത്ര്യത്തിന്റെ അരുണാഭ കിഴക്കേ ചക്രവാളത്തില്‍നിന്ന്  ഉയര്‍ന്ന് പൊങ്ങുന്നതിന് മുമ്പേ ഞാന്‍ എറണാകുളത്തേക്ക് പുറപ്പെട്ടു; അവിടെനിന്നും പാനായിക്കുളത്തേക്കും. സ്ഥലമറിയാത്തതുകൊണ്ട് സ്റ്റോപ്പിലെത്തുമ്പോള്‍ പറയണമെന്ന് കണ്ടക്ടറോട് കാലേക്കൂട്ടി പറഞ്ഞുറപ്പിച്ചിരുന്നു. സ്റ്റോപ്പില്‍ ഞാനിറങ്ങി. നേര്‍ത്തമഴ ചിണുങ്ങി ചിണുങ്ങി പെയ്യുന്നുണ്ട്. കട കമ്പോളങ്ങള്‍ തുറന്നു വരുന്നതേയുള്ളൂ. ആദ്യമായെത്തുന്നതിന്റെ അപരിചിതത്വം നന്നായി അറിയാനുണ്ട്.
വഴിവക്കില്‍ കണ്ട കാരണവരോട് ഹാപ്പി ആഡിറ്റോറിയം എവിടെയെന്നന്വേഷിച്ചു: 'മോനേ, അടുത്ത ജംഗ്ഷനിലാണല്ലോ, നടക്കാനുള്ള ദൂരമേയുള്ളു'. മഴ പെയ്യുന്നുണ്ട്. അടുത്തുകണ്ട ഓട്ടോറിക്ഷക്കാരനെ വിളിച്ച് ഹാപ്പി ആഡിറ്റോറിയത്തിലെത്തി.