Thursday, August 18, 2011

  4 
അഞ്ച് മണി കഴിഞ്ഞപ്പോള്‍ പോലീസ് വാഹനം ആലുവ ഡി.വൈ.എസ്.പി ഓഫീസിന് മുന്നിലെത്തി. നിറയെ പോലീസ് വാഹനങ്ങള്‍ക്കിടയിലേക്ക് മറ്റൊന്ന്കൂടി. കനത്ത പോലീസ് ബന്തവസില്‍ ഞങ്ങളെ ഡി.വൈ.എസ്.പി ഓഫീസിനുള്ളിലേക്കു കൊണ്ടുപോയി. പലരേയും മാറിമാറി ചോദ്യംചോയ്തു.
    രാത്രി എട്ട് മണിയോടെ റൂറല്‍ എസ്.പി വഹാബുമെത്തി. ഇതിനകം എന്റെയും ശാദുലിയുടെയും വീടുകളില്‍ റെയ്ഡും നടന്നു. പിന്നീട് ചോദ്യം ചെയ്യല്‍ ഞങ്ങളിരുവരെയും കേന്ദ്രീകരിച്ചായി. രാത്രി വൈകുംവരെ ഈ നില തുടര്‍ന്നു. മണി പത്തുകഴിഞ്ഞുകാണും, എന്നെയും ശാദുലിയേയും എസ്.പി റൂമിലേക്കു വിളിച്ചിട്ട് എന്നോട് പറഞ്ഞു. 'ഒള്ളത് പറഞ്ഞോ, ഇല്ലെങ്കില്‍ ചവിട്ടിക്കൂട്ടി അളിയനെ പോലെയാക്കും'(എന്റെ ഭാര്യാ സഹോദരനായ ശാദുലി തീരെ മെലിഞ്ഞിട്ടായിരുന്നു). ഭീഷണിയുടെ ഭാഷ എനിക്കും നന്നായി മനസ്സിലായി.
    പിന്നീട് ആ രാത്രി ആരേയും അകത്തേക്ക് വിളിച്ചില്ല. ഓഫീസിന്റെ പുറത്തെ ഹാളിന്റെ തറയിലിരുന്ന് പലരും ഉറക്കം തൂങ്ങി. ഡി.വൈ.എസ്.പിയുടെ മുറിയില്‍ നടക്കുന്ന ചര്‍ച ഇടക്കിടെ പുറത്തേക്ക് കേള്‍ക്കാം. പ്രതികളാക്കപ്പെടേണ്ട പേരുകളെ കുറിച്ചായിരുന്നു അവരുടെ ചര്‍ച. ഉറക്കച്ചടവ് മാറ്റി ഞാന്‍ വാക്കുകള്‍ കൂടുതല്‍ ശ്രദ്ധിച്ചു. അഞ്ചാമത്തെ പ്രതിയെക്കുറിച്ച ചര്‍ച നടക്കുമ്പോള്‍ വഹാബ് സാറിന്റെ ഗൗരവമുള്ള ശബ്ദം പുറത്തേക്ക് കേട്ടു:'അന്യായമായി ഒരു കുട്ടിയേയും അറസ്റ്റ് ചെയ്യാന്‍ പാടില്ല'. (ഇതിനദ്ദേഹം നല്‍കേണ്ടിവന്ന വില വലുതായിരുന്നു).എന്റെ മനസ്സ് സമാധാനം പൂണ്ടു.
    മണി മൂന്ന് കഴിഞ്ഞിരിക്കുന്നു. പോലീസ് മേധാവികള്‍ ഓരോരുത്തരായി പുറത്തേക്ക് വന്ന് കൊണ്ടിരുന്നു. 'പൂ........ന്മാരുടെ ഒറക്കം കണ്ടില്ലേ. ഇവിടെ മനുശേന്‍ തീ തിന്നുമ്പഴാ അവിന്റെയൊക്കെ ഒടുക്കത്തെ ഒരൊറക്കം', പുറത്തേക്കിറങ്ങിയ ഒരു പോലീസുകാരന്‍ ഉറക്കെപറഞ്ഞു. ജീവിതത്തിലാദ്യമായി പോലീസ് സ്‌റ്റേഷനില്‍ കയറിയവരായിരുന്നു ഞങ്ങളിലേറെയും. എന്നിട്ടും ദൈവസാമീപ്യത്തിന്റെ  കുളിര്‍തെന്നല്‍ ഞങ്ങളെ മനസമാധാനമുള്ളവരാക്കി.

No comments:

Post a Comment