Thursday, August 11, 2011

2
ആഡിറ്റോറിയത്തിന്റെ പുറത്ത് ശാദുലി നില്‍പുണ്ടായിരുന്നു. ആഡിറ്റോറിയത്തിന്റെ താഴെ നിലയില്‍ ചില കടകള്‍ തുറന്നിരുപ്പുണ്ട്. റോഡില്‍നിന്ന് സ്‌റ്റെയര്‍ കയറി വേണം രണ്ടാം നിലയിലെത്താന്‍.  കടക്കാനുള്ള  ഗേറ്റില്‍തന്നെ 'സ്വാതന്ത്യത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ പങ്ക്' -ചര്‍ച്ച എന്ന ബോര്‍ഡ് കാണാം. എന്നോടൊപ്പം ശാദുലിയും മുകളിലേക്ക് കയറിവന്നു. നിസാമുദ്ദീനെ പരിചയപ്പെടുത്തി. അന്നത്തെ പരിപാടിയെക്കുറിച്ചൊരു ചിത്രം ശാദുലി തന്നു: 'പത്തരക്കാ പരിപാടി. പാനായിക്കുളത്ത് വ്യാപകമായി ക്ഷണം നടന്നിട്ടുണ്ട്; പിന്നെ അറിയാവുന്ന സുഹൃത്തുക്കളെയും വിളിച്ചു'.
മണി പത്ത് കഴിഞ്ഞു. ആളുകള്‍ എത്തിതുടങ്ങുന്നതേയുള്ളൂ.10.30 ഓടെ പരിപാടി ആരംഭിച്ചു. പത്ത് പതിനഞ്ച് പേര്‍ കാണും. അന്‍സാര്‍ നദ്‌വിയുടെ ഖുര്‍ആന്‍ ക്‌ളാസോടെയായിരുന്നു തുടക്കം. ലളിതവും ഹ്രസ്വവുമായിരുന്നു ക്‌ളാസ്‌. പിന്നെയും ആളുകള്‍ വന്നു കൊണ്ടിരുന്നു. വിഷയാവതരണത്തിനായി ശാദുലി എന്നെ ക്ഷണിച്ചു. അപരിചിതരാണേറെയും. ഞാന്‍ സാവധാനം തുടങ്ങി. ആമുഖം തുടങ്ങിയതേ
യുള്ളൂ. ഡയസില്‍ ഒറ്റക്കാണ്. വീണ്ടും ചിലയാളുകള്‍ കയറിവന്നു. വന്നവര്‍ സംഘാടകരെ അന്വേഷിച്ചു. നിസാമുദ്ദീന്‍ ചെന്നു. തിരികെവന്നുപറഞ്ഞു പോലീസുകാരാണെന്ന്. പരിപാടി തുടര്‍ന്നോട്ടേ എന്നവരോടന്വേഷിച്ചു. തുടര്‍ന്നോളാന്‍ പറഞ്ഞു.  പതിനൊന്ന് മണിയോടെ യൂണിഫോമിട്ട പോലീസുകാരും എത്തി. വന്നവര്‍ എന്റെ കൈയിലുണ്ടായിരുന്ന സിനേപ്‌സിസ്(പ്രസംഗിക്കാനുള്ള കുറിപ്പടി) പരിശോധിച്ചു, കുഴപ്പങ്ങളൊന്നുമില്ലെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ പോലീസുകാര്‍ ശൈലിമാറ്റി. ഇടക്കിടെ പോലീസുകാര്‍ക്ക് വന്നുകൊണ്ടിരിക്കുന്ന ഫോണുകളാണ് ശൈലി മാറ്റത്തിന്റെ കാരണമെന്നും എനിക്ക് തോന്നി.പരിപാടിയെക്കുറിച്ച് ചില സംശയങ്ങളുണ്ട് സ്റ്റേഷന്‍ വരെ എല്ലാവരും വരണം എന്ന് അവര്‍ പറഞ്ഞു. അവിടെ വെച്ചുതന്നെ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരുടെയും പേരും വിലാസവും പോലീസ് കുറിച്ചെടുത്തു. 

No comments:

Post a Comment